Wednesday, August 11, 2010

സൈദ്ധാന്തികവിചാരങ്ങളുടെ സമകാലികവായനകള്‍

സൈദ്ധാന്തികവിചാരങ്ങളുടെ
സമകാലികവായനകള്‍
വി.കെ.ബാബു,മേപ്പയൂര്‍
(മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

ഇക്കോഫെമിനിസം ഇക്കോടൂറിസം മാര്‍ക്സിസം എന്ന എന്‍ എം പിയേഴ്‍സന്റെ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ കേരളീയസാമൂഹികപരിസരത്തുനിന്ന് ലോകത്തിന്റെ പരിണാമങ്ങളെ സാകൂതം നിരീക്ഷിക്കുന്ന ഒരു സാസ്കാരികവിമര്‍ശകനെയാണ് കാണാനാവുക.ഏത് ഉത്തരാധുനികസിദ്ധാന്തം വിലയിരുത്തുമ്പോഴും മനുഷ്യനും പ്രകൃതിയും കേരളീയപരിസരവും കടന്നുവരുന്നത് സ്വന്തം മണ്ണിലും ചിന്തയിലും കാലുറപ്പിക്കാനാഗ്രഹിക്കുന്ന സൂക്ഷ്മഗ്രാഹിയായ ഒരു രാഷ്ട്രീയനിരീക്ഷകനെ അടയാളപ്പെടുത്തന്നുണ്ട്.1950 കള്‍ക്കുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തത്വചിന്തയിലും സാസ്കാരികപഠനത്തിലും രൂപപ്പെട്ട നവീനസിദ്ധാന്തങ്ങളുടെ ഭിന്നവായനകള്‍ ഓരോന്നും പരിചയപ്പെടുത്തുന്നതാകട്ടെ സമകാലിക കേരളീയപരിസരത്ത് കാലുറപ്പിച്ചുകൊണ്ടാണെന്നതാണ് ഇവയെ വ്യതിരിക്തമാക്കുന്നത്.തീക്ഷ്ണമായ ജനോന്‍മുഖതയും മാര്‍ക്സിയന്‍ രീതിശാസ്ത്രം പ്രദാനം ചെയ്യുന്ന ഉള്‍കരുത്തും പ്രകൃതിസ്നേഹവും പ്രബന്ധങ്ങളെ തമ്മിലിണക്കുന്ന ജൈവതയായി പരിണമിക്കുന്നുണ്ടെന്നത് ഗ്രന്ഥത്തെ മികച്ച വായനാനുഭവമാക്കുന്ന മുഖ്യഘടകമായി നിലകൊള്ളുന്നു.എന്നാല്‍ യുക്തിപരമായ അനുസ്യൂതി തടസ്സപ്പെടുത്തുന്ന ഒന്നുരണ്ട് ലേഖനങ്ങള്‍ ഗൗരവമായ വായനയെ നിരാശപ്പെടുത്തുന്നുമുണ്ട്.

മൊത്തം പതിനാറ് പ്രബന്ധങ്ങളാണ് പുസ്തകത്തില്‍.ഇക്കോടൂറിസം എന്ന ആദ്യലേഖനത്തില്‍ പ്രകൃതിയുടെ പ്രണയാര്‍ത്ഥികളായെത്തുന്ന വിനോദസഞ്ചാരികളെ നവമുതലാളിത്തം വിപണനവചനങ്ങളുടെ മനോഹാരിതയില്‍ തളച്ചിടുന്നതിന്റെ പിന്നിലെ മൂലധന താത്പര്യങ്ങളുടെ വിശദീകരണമാണ്.അനശ്വരതയും അനന്തതയും ദര്‍ശിക്കാനെത്തുന്നവരെ മെഗാ റിസോര്‍ട്ട് ടൂറിസം, സാസ്കാരിക ആവിഷ്കാരങ്ങള്‍ കണ്ടെത്തുന്നതില്‍ നിന്നകറ്റിയത് നവമുതലാളിത്തത്തിന്റെ ദര്‍ശനമാണെന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു.ഹരിതസൗന്ദര്യശാസ്ത്രം എന്ന ഉപന്യാസത്തിലാകട്ടെ മിഷേല്‍ ഫുക്കോയുടെ ഹരിതദര്‍ശന ചിന്തകളുടെ സാംഗത്യമാണ് അന്വേഷണവിഷയം.പരിസ്ഥിതി പരിപ്രേക്ഷ്യത്തിന്റെ വ്യത്യസ്ത തലങ്ങള്‍ അനാവരണം ചെയ്യുന്ന Discourse of the Environment ല്‍ ഫുക്കോ ഹരിതസൗന്ദര്യശാസ്ത്രത്തെ ആത്മധ്യാനത്തിന്റേയും ആത്മജ്ഞാനത്തിന്റേയും ആത്മപരിശോധനയുടേയും ഒരു നിരന്തരപ്രക്രിയയായി കാണുന്നത് അതീവസംഗതമെന്നാണ് ലേഖകന്‍ ഓര്‍മിപ്പിക്കുന്നത്.ഒപ്പം പരിസ്ഥിതിവാദവും ഉത്തരാധുനികതയും തമ്മിലുള്ള നേര്‍സംവാദത്തിന്റെ പ്രശ്നമണ്ഡലങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്.ഗ്രീന്‍ എതിക്സിനെ അടിസ്ഥാനമാക്കിയുള്ള പോരാട്ടം മനുഷ്യനിലനില്‍പിനായുള്ള സത്യാഗ്രഹമത്രെ.

ആഗോളവല്‍ക്കരണകാലത്തെ കൃത്രിമനിര്‍മിതികളേയും മാധ്യമസാമ്രാജ്യാധിനിവേശങ്ങളേയുമാണ് തുടര്‍ന്നുവരുന്ന ലേഖനങ്ങളില്‍ തുറന്നുകാട്ടുന്നത്.ചോംസ്കിയുടെ നിരീക്ഷണങ്ങളുടെ ചുവടുപിടിച്ചുള്ളതെങ്കിലും സ്വന്തമായ കൂട്ടിച്ചേര്‍ക്കലുകളിലൂടെ ഇന്ത്യനവസ്ഥയില്‍ അവയുടെ പ്രയോഗപരിസരം അനാവരണം ചെയ്യുന്നു.ഏത് രാഷ്ട്രീയമുന്നണിയും തങ്ങളുടെ അധികാരരാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നത് ആക്കിമാറ്റാന്‍ ആഗോളവല്‍ക്കരണശക്തികള്‍ക്ക് കഴിയുന്നു എന്ന നിഗമനം സമകാല ഇന്ത്യനവസ്ഥയുടെ ഓര്‍മപ്പെടുത്തലായി പരിണമിക്കുന്നത് സ്വാഭാവികം.നിയോലിബറലിസം അരാഷ്ട്രീയപൗരസമൂഹനിര്‍മിതി ലക്ഷ്യം വച്ച് ആഗോളസമ്പദ്‍വ്യവസ്ഥയുടെ പ്രവാഹപഥത്തിലെത്തിയ മൂന്നാംലോകരാഷ്ട്രങ്ങളില്‍ ഇടപെടുകയും അമേരിക്കാവല്‍ക്കരണത്തിനായി മാധ്യമശൃംഖലകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.അക്കാദമീഷ്യരിലൂടെയും ഉദ്യോഗസ്ഥരിലൂടെയും പബ്ലിക് റിലേഷന്‍ ഏജന്‍സികളിലൂടെയും ഓപ്പറേറ്റ് ചെയ്താണ് കോര്‍പ്പറേറ്റ് ഐഡിയോളജിയുടെ ഈ തേരോട്ടം.ബദല്‍ മീഡിയകളുടെ പ്രസക്തിയാണ് ഇവിടെ അടിവരയിടുന്നത്.

കളിപ്പാട്ടങ്ങളിലൂടെ സംക്രമിക്കുന്ന സാംസ്കാരികമുദ്രകളെക്കുറിച്ചുള്ള ആശങ്കകളാണ് 'കളിക്കപ്പുറത്തേയ്ക്ക് വളരുന്ന കളിപ്പാട്ടങ്ങള്‍' സമ്മാനിക്കുന്നത്.പിഞ്ചുമനസ്സില്‍ പതിയുന്ന കളിക്കോപ്പുകളുടെ മുദ്രകളില്‍ ഇന്ത്യന്‍ കയ്യൊപ്പുകളുടെ അഭാവത്തെക്കുറിച്ചുള്ള ലേഖകന്റെ നിരീക്ഷണങ്ങള്‍ സവിശേഷതയാര്‍ന്ന കണ്ടെത്തലുകളാല്‍ സമ്പന്നമാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല.ജനതയുടെ വംശീയരുചിബോധങ്ങളെ അമേരിക്കന്‍ രുചിയുടെ ആഗോളപ്പെരുമയാല്‍ അട്ടിമറിക്കുകയും ഫ്ലേവര്‍ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യയുടെ സഹായത്താല്‍ ലോകത്തിന്റെ രുചി രൂപപ്പെടുത്തുകയും ചെയ്യുന്ന മൂലധനതന്ത്രങ്ങളെയും തുടര്‍ന്ന് വിശകലനം നടത്തുന്നു.പഞ്ചസാരപ്പാവില്‍ വിരിയുന്ന ബഹുരാഷ്ട്രമോഹങ്ങള്‍ എന്ന പഠനവും ഈ ദിശയിലുള്ളതാണ്.

'അശ്ലീലതയും ഉത്തരാധുനികതയും' വ്യതിയാനങ്ങള്‍ക്ക് വിധേയമാവുന്ന പോപ്പുലര്‍ കള്‍ച്ചറിനെക്കുറിച്ചുള്ളതാണ്.ബ്രിയന്‍ മക്നറുടെ പഠനത്തെ ആസ്പദമാക്കിയുള്ളതാണ് ഈ രചന.ഉത്തരാധുനിക ചിന്ത ലൈംഗികതയുടെ വ്യാപനത്തിന് പ്രയോജനപ്പെട്ടു മുതലായ നിരീക്ഷണങ്ങള്‍ തര്‍ക്കങ്ങള്‍ ക്ഷണിച്ചുവരുത്തിയേക്കാം.എന്നാല്‍ ലൈംഗികമേഖലയിലുണ്ടായ വിമോചനപരമായ സാഹചര്യങ്ങളെ മുതലാളിത്ത-ഉത്തരാധുനിക തത്വചിന്ത വാണിജ്യവല്‍ക്കരിച്ചു എന്ന മക്നറുടെ മതം സംഗതം തന്നെ.പോര്‍ണോഗ്രാഫിയുടെ രാഷ്ടീയ സാംസാകാരികതലം ചര്‍ച്ചചെയ്യുന്നുമുണ്ട് ഈ ഭാഗത്ത്.

'പാശ്ചാത്യസംസ്കാരത്തിന്റെ പുതിയ സാമ്രാജ്യത്വരൂപം' സിയാ ഉദിന്‍ സര്‍ദാറുടെ Post modernism and the other എന്ന രചനയുടെ നിരൂപണപശ്ചാത്തലത്തിലുള്ള ഒരു പ്രതികരണമാണ്.ഉത്തരാധുനികത ആധിപത്യനിര്‍മ്മിതിയുടെ നവീനതരംഗം മാത്രമാണെന്നും അത് വിമോചനാത്മകമല്ലെന്നും സിയാ ഉദിന്‍ സര്‍ദാറിനെ പിന്‍പറ്റി ലേഖകനും വാദിച്ചുറപ്പിക്കുന്നു.ഞാന്‍ വാങ്ങുന്നു അതിനാല്‍ ഞാന്‍ ഉണ്ട്(I shop therefore I am) എന്ന ദര്‍ശനത്തെ അടിസ്ഥാനമാക്കി മുതലാളിത്തത്തിന്റെ വിവിധ തലമുറകളിലെ കൊളംബസ്സുമാര്‍ കടല്‍കടത്തുന്ന ഉപഭോഗസംസ്കൃതിയുടെ സൈദ്ധാന്തികതലം ചിഹ്നശാസ്ത്രം പോലുള്ള വിചിന്തനോപകരണങ്ങളുടെ സഹായത്താല്‍ അന്വേഷിക്കുകയാണ് തുടര്‍ന്ന്.'സംസാകാരത്തിന്റ വ്യവസായനിര്‍മ്മിതി' എന്ന പഠനത്തിലാകട്ടെ തിയോദര്‍ അഡോണയുടെ പഠനങ്ങളെയാണ് ആസ്പദമാക്കുന്നത്.

ഇക്കോഫെമിനിസം പരിസ്ഥിതിവാദത്തേയും സ്ത്രീവാദത്തേയും സോഷ്യലിസത്തേയും ആദിവാസിരാഷ്ട്രീയത്തേയും സമന്വയിപ്പിക്കുന്ന ഒന്നായിട്ടാണ് പിയേഴ്‍സണ്‍ കണ്ടെടുക്കാനാഗ്രഹിക്കുന്നത്.പോസ്റ്റ്മോഡേണ്‍ പ്ലൂരലിസത്തിന്റെ ധര്‍മ്മശാസ്ത്രനിയമങ്ങളേയും ,വര്‍ഗ്ഗസമൂഹത്തിന്റെ സാമ്പത്തികനിയമത്തിലേയ്ക്ക് എല്ലാറ്റിനേയും വ്യവസ്ഥവല്‍ക്കരിക്കുന്ന മാര്‍ക്സിയന്‍ സിദ്ധാന്തത്തേയും ഒരു പോലെ തള്ളുന്ന ഇക്കോഫെമിനിസം പ്രതീക്ഷയ്ക്ക് വകനല്കുന്നതായി ഗ്രന്ഥകര്‍ത്താവ് കാണുന്നു.മാര്‍ക്സ് മൂലധനത്തെ പുരുഷനായും ലേബറിനെ പിതാവായും പ്രകൃതിയെ സ്ത്രീയായും ചിത്രീകരിച്ചിട്ടുണ്ടെന്നും ഇത് പുരുഷാധിപത്യപരമാണെന്നുമാണ് ഇക്കോഫെമിനിസ്റ്റുകളുടെ വിമര്‍ശനം.മനുഷ്യര്‍ക്ക് സംസ്കാരം സൃഷ്ടിക്കണമെങ്കില്‍ മൃഗങ്ങളുടെ നിശ്ശബ്ദമായ സഹകരണം ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്ന ഇക്കോഫെമിനിസത്തിന്റെ ഓര്‍മപ്പെടുത്തല്‍ മനുഷ്യനെ കൂടുതല്‍ വിനയാന്വിതരാക്കും .പുസ്തകത്തെ കൂടുതല്‍ പ്രസക്തവും എന്ന് കരുതാം.

No comments:

Search This Blog