Tuesday, July 13, 2010

വിവാദകാലങ്ങളിലെ ആട്മാറാട്ടം

വിവാദകാലങ്ങളില്‍ സംഭവിക്കുന്നത്


സ്വത്വവിവാദങ്ങളിലെ ആട്മാറാട്ടം



വി.കെ.ബാബു,മേപ്പയൂര്‍

(മാതൃഭൂമി ആഴ്ചപതിപ്പില്‍ ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ചത്)

"കെ..എന്‍.ഉം ഒരു സ്വത്വവാദിയും തമ്മിലുള്ള ഒരേ ഒരു വ്യത്യാസം കെ..എന്‍ ഒരു സ്വത്വവാദി അല്ല എന്നതു മാത്രമാണ്.”

ത്രമാപ്പീസിലെ ജോലി കഴിഞ്ഞ് മിനിക്കഥാകൃത്ത് സമയം പാഴാക്കാതെ ഒരു ഓട്ടോ പിടിച്ച് പുതിയ ബസ്‍സ്റ്റാന്റിലെത്തിയതും പതിവുപോലെ വടക്കുഭാഗത്തുള്ള മെഡിക്കല്‍ ഷോപ്പിനു സമീപത്തേക്ക് നോട്ടമയക്കുകയായിരുന്നു ചെയ്തത് . തൊട്ടില്‍പ്പാലം ടി.ടി. നീണ്ടുകിടക്കുന്നത് കണ്ട് സന്തോഷത്തോടെ നടത്തത്തിന് വേഗത കൂട്ടി.കയറി ഇഷ്ടപ്പെട്ട വിന്‍ഡോ സീറ്റിലേക്ക് ചാഞ്ഞു.എഴുത്തുകാര്‍ പൊതുവെ വിന്‍ഡോ സീറ്റുകളാണ് മനോരാജ്യത്തലേര്‍പ്പെടാനായി തിരഞ്ഞെടുക്കുന്നതെന്ന്, ഈയിടെ സ്ത്രീ കഥാകൃത്ത് എഴുതിയത് വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് വീണ്ടും ഓര്‍മിച്ചു.


ഇന്നത്തെ പത്രത്തില്‍ ലേഖനം എഴുതിയ ആളാണ് ബസ്സില്‍ വന്നിരുന്നതെന്നറിയാതെ യാത്രക്കാര്‍ അസ്വാഭാവികമായി ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇരിപ്പ് തുടരുന്നതില്‍ ഒന്നും പറയാനാവില്ല.എന്നാല്‍ കുറെക്കാലമായി നടന്നുവരുന്ന സ്വത്വരാഷ്ട്രീയചര്‍ച്ചകളില്‍ പങ്കെടുത്തുവരുന്ന കേരളബുദ്ധിജീവികളില്‍ തന്റെ സൃഷ്ടി ഉണ്ടാക്കാനിടയുള്ള പ്രതികരണങ്ങള്‍ (സ്വത്വമാത്രവാദികളില്‍ ആഹ്ളാദവും വര്‍ഗമാത്രവാദികളില്‍ അസ്വസ്ഥതയും) ഭാവനചെയ്യാനുള്ള തന്റെ സ്വാതന്ത്ര്യം അവര്‍ അനുവദിച്ചു തരുമെന്നുറപ്പ്.നാളെയോ മറ്റന്നാളോ പ്രതികരണങ്ങള്‍ വന്നേക്കാം.ചിലപ്പാള്‍ അടുത്ത ആഴ്ചയിലേക്ക് നീളാനിടയുണ്ട്. ഏതെങ്കിലും സ്വത്വവാദി അടുത്ത ഉപന്യാസത്തിന്റെ തുടക്കത്തില്‍ എടുത്തുദ്ധരിക്കുകയും ചെയ്തേക്കാം.(അതുകൊണ്ട് തനിക്ക് ഗുണമേ ഉണ്ടാകൂ എന്നോര്‍ത്തപ്പോള്‍ ഉള്ളാലെ വന്ന ചിരി അമര്‍ത്തുമ്പോള്‍ അടുത്തിരിക്കുന്ന ആളിനെ അറിയാതെ നോക്കിപ്പായി.)ഇനി കല്ല്കടവില്‍ ബസ്സിറങ്ങുന്നതുവരെ മനോവ്യാപാരങ്ങളില്‍ ഏര്‍പ്പെടാന്‍ ഇതുമതി.മൃദു ഹിന്ദുത്വവാദികളും മൃദു ഇസ്ലാമികവാദികളും ആയി തിരിഞ്ഞ് സി.പി.എം. ബുദ്ധിജീവികള്‍ എഴുത്ത് യുദ്ധം തുടങ്ങിയതോടെ പാര്‍ടി ആരെ തുണയ്ക്കും എന്ന ചോദ്യവുമായി മാധ്യമങ്ങള്‍ രംഗം കൊഴുപ്പിക്കാന്‍ ജാഗ്രതയോടെയുള്ള കാര്യം ഓര്‍ത്തെടുത്തു.


ഒന്നര മണിക്കൂറായി കാണും - മയക്കത്തില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ ഇറങ്ങാനുള്ള സ്റ്റോപ്പിന് അടുത്തെത്തിയിരിക്കുന്നു.തനിക്കിറങ്ങേണ്ട സ്റ്റോപ്പില്‍ തന്നെ ബസ് നിര്‍ത്തിച്ച് ഇറങ്ങാന്‍ കഴിയാത്ത സ്വതന്ത്രബുദ്ധിജീവിയല്ലല്ലോ താന്‍.വേട്ടക്കാരനായ കണ്ടക്ടര്‍ക്കും ഇരകളായ യാത്രക്കാര്‍ക്കും ഇടയിലൂടെ (മെയ്യഭ്യാസി എന്ന് ഹമീദ് പറഞ്ഞപോലെ പറയേണ്ടതില്ല) ഒരുവിധം ഊര്‍ന്നിറങ്ങി.പച്ചക്കറിമണവും മീന്‍നാറ്റവും ഒരുപോലെ അനുഭവപ്പെടുന്ന റോഡിലൂടെ കുറേക്കൂടി മുന്നോട്ട് നടന്നു.ചെരിപ്പിന്റെ വള്ളി അല്പം പൊട്ടിയിട്ട് ദിവസങ്ങളായി.പള്ളിക്ക് സമീപം റോഡരികിലുള്ള ചെരിപ്പുകുത്തിയെക്കൊണ്ട് തുന്നിക്കാനായി രാവിലെ പോയെങ്കിലും അയാളെ കാണാന്‍ കഴിഞ്ഞില്ല. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി ഇറങ്ങിയപ്പോള്‍ നോക്കിയെങ്കിലും തമിഴ് സ്വത്വവാദി തിരക്കിലായിരുന്നു.പള്ളിക്കു ചുറ്റും പ്രാര്‍ത്ഥനയ്കായി എത്തിയവര്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആഡംബരകാറുകളുടേയും മോട്ടോര്‍ സൈക്കിളുകളുടേയും ഇടയില്‍ ഫുട്പാത്തില്‍ ഇരിക്കുന്ന ചെരിപ്പുകുത്തിയെ കണ്ടെത്താന്‍ തന്നെ പ്രയാസം .അയാളുടെ നെറ്റിയിലെ വലിയ കുങ്കമപ്പൊട്ടും കൈത്തണ്ടയിലെ ചുവന്ന ചരടും കണ്ടാല്‍ ഹിന്ദുത്വവാദിയെന്നേ പി.പരമേശ്വരനുപോലും തോന്നുകയുള്ളൂ.ഇത്തരം ആളുകളുമായി അടുത്തിടപഴകുന്നതിലെ അപകടം ജി.പി.രാമചന്ദ്രന്‍ സഹകരണ സ്വാശ്രയ സ്കൂളില്‍പ്പെട്ടവര്‍ വിശകലനം ചെയ്തത് ഓര്‍ത്തതിനാല്‍ റിപ്പയറിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഫാസിസത്തിന്റെ കാര്യത്തില്‍ സാമ്പത്തികമാത്രവിശകലനങ്ങളെ നമ്പാനാവില്ല.

വലത്തോട്ടുള്ള ചെമ്മണ്‍പാതയിലേക്കു തിരിഞ്ഞതും ഒരാട് പറമ്പില്‍ നിന്ന് ചാടിവീണതും ഒന്നിച്ചായിരുന്നു.ആട് ഇരയുടെ പ്രതീകമെങ്കിലും പെട്ടെന്ന് ഞെട്ടിപ്പോയി. ധൈര്യം സംഭരിച്ച് മാറിനടന്നെങ്കിലും ആട് വിടുന്ന ലക്ഷണമില്ല. ബെന്യാമിന്റെ ആട്ജീവിതം വായിച്ച ആളാണെന്ന ഭാവമൊന്നും ആടിനില്ല.വഴിമുടക്കല്‍ തുടരുകയാണ്.നാളത്തെ ഹര്‍ത്താലിന്റെ ഭാഗാമായിരിക്കുമോ?ബി.ജെ.പി.യുടെ ഹര്‍ത്താലില്‍ ആട് ഭാഗഭാക്കാകുന്നത് കാവ്യനീതിയല്ല.ഇടതുപക്ഷവും ഇതേ ദിവസം പണിമുടക്കുന്നതിനെ ജമാ അത്തെ ഇസ്ലാമിയോടൊത്ത് ദല്‍ഹിയില്‍ പ്രകടനം നടത്തുന്നതുപോലെ കാണാനാവില്ല.തത്വത്തിലും പ്രയോഗത്തിലും മതരഹിതജീവിതം നയിക്കാന്‍ പിടയുന്നവര്‍ക്ക് തീരെയാവില്ല.മൗലികരചനകളില്‍ തത്വചിന്താപരമായും ചിത്രകഥകളില്‍ പൈങ്കിളിയായും ആട് സംസാരിക്കാറുണ്ടെങ്കിലും കല്ല്കടവിലെ വസ്തുനിഷ്ഠലോകത്ത് ഒരാട് ഇതുവരെ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞിട്ടില്ല.എന്നാലും അറിയാതെ ചോദിച്ചുപോയി.

'നിനക്കന്തുവേണം?'

'താങ്കളുടെ സ്വത്വകഥയിലെ ആടാണു ഞാന്‍.'

'നിന്നെ ഞാന്‍ വര്‍ഗ്ഗമാത്രവാദികളുടെ ആമാശയത്തിലയച്ചതാണല്ലോ?'

'ഞാന്‍ അവിടെ നിന്നും ജയില്‍ ചാടി.'

'എന്തിന്?'

'എനിക്ക് ഇനിയും സംശയങ്ങള്‍ ബാക്കിയാണ്.'

'സംശയങ്ങള്‍ നരിയോടല്ലേ ചോദിക്കുക?'

'അത് കഥയിലല്ലേ?'

'അങ്ങനെയെങ്കില്‍ പ്രബോധനത്തിലെ മുജീബിനോട് ചോദിക്കാമായിരുന്നല്ലോ?'

'സ്രഷ്ടാവിനോട് തന്നെ ചോദിക്കാമെന്ന് വച്ചു.മാത്രവുമല്ല മിനിക്കഥാസാഹിത്യം നിലനിര്‍ത്തേണ്ടത് എന്റേയും ആവശ്യമല്ലേ?'

'ഓഹോ!എന്താ നിന്റെ സംശയം?'

'താങ്കളെന്തിനാണ് അടുത്തുതന്നെയുള്ള തലശ്ശേരിയില്‍ പോകാതെ ഗുജറാത്തില്‍ പോയത്?'

'അത് കഥാകൃത്തിന്റെ സ്വാതന്ത്ര്യമല്ലേ?'

'പക്ഷേ അടുത്തുള്ള കാര്യം പറയാതെ ദുരെയുള്ള കാര്യങ്ങള്‍ പറയുന്നതിനെ താങ്കള്‍ തന്നെയല്ലേ പരിഹസിച്ചത്?'

'ആര് പറഞ്ഞു? നീ എന്റെ ഒരു വായനക്കാരനായിരുന്നോ?'

'ഒരിക്കലുമായിരുന്നില്ല.ഇരകളുടെ മാനിഫെസ്റ്റോ ചവയ്ക്കുന്നതിടയിലാണ് അത് ശ്രദ്ധയില്‍പ്പെട്ടത്.'

'എന്ത്?'

' മാനിഫെസ്റ്റോയിലെ ആദ്യലേഖനത്തിന്റെ ആരംഭം അതാണല്ലോ.ഓര്‍മകള്‍ക്ക് ചിതയൊരുക്കിയിട്ടില്ലെങ്കില്‍ താങ്കള്‍ക്ക് റീകാള്‍ ചെയ്യാനാകും.'

'ശരി.അതിന്?'

'എടാ കഴുവേറീടെ മോനേ, നേരെ തലശ്ശേരിയിലേക്ക് ചെല്ല് എന്നാണ് ഞാന്‍ വാമൊഴിയില്‍ വഴക്കേണ്ടിയിരുന്നത്.'

'തലശ്ശേരിയിലെന്താ?'

'അവിടെ ജീവിച്ചിരുന്ന കുഞ്ഞിരാമേട്ടനെ താങ്കളോര്‍ക്കുന്നില്ലേ?കലാപകാലത്ത് പള്ളി കാത്ത കുഞ്ഞിരാമേട്ടനെ?'

'ഇറാനിയന്‍ സിനിമകള്‍ കാണുന്നതിടയില്‍ ടി.വി.ചന്ദ്രന്റെ ഓര്‍മകളുണ്ടായിരിക്കണം കാണാനായില്ല.എന്നിട്ടും ഞാനോര്‍ക്കുന്നു.'

'കുഞ്ഞിരാമേട്ടന് സ്വത്വബോധമല്ല വര്‍ഗ്ഗബോധമാണുണ്ടായിരുന്നതെന്നറിയാമോ?'

'കുഞ്ഞിരാമേട്ടന്റെ കാര്യത്തില്‍ സൂക്ഷ്മവിശകലനം ആവശ്യമാണ്. രാജീവിന്റേത് ശരി പോക്കറുടേത് തെറ്റ് എന്നിങ്ങനെയുള്ള ലളിതവല്‍ക്കരണങ്ങളില്‍ അഭയം തേടുന്നതിനെ തീ പിടിച്ച ആത്മാവുകള്‍ക്ക് ന്യായീകരിക്കാനാവില്ല.'

'എന്നാല്‍ അതിപ്പോള്‍ തന്നെ വേണം.'

'എന്ത്?'

'സൂക്ഷ്മവിശകലനം.'

'അതാവില്ല.ഒന്നോ രണ്ടോ ഉദ്ധരണികള്‍ ആദ്യഭാഗത്ത് അത്യാവശ്യം വേണം.ഇപ്പോള്‍ ആംഗലേയപുസ്തകങ്ങളെന്നും കയ്യിലില്ല.'

'ഉണ്ടായിരുന്നെങ്കില്‍?'

'ഉദ്ധരണികള്‍ക്ക് പഞ്ഞമുണ്ടാവില്ലായിരുന്നു.ബാക്കി ഭാഗത്തിന് കോപ്പി ആന്റ് പേസ്റ്റ് സങ്കേതം ഉപയാഗിക്കാവുന്നതേയുള്ളൂ.സ്വന്തം പുസ്തകത്തില്‍നിന്നാകണം എന്ന ഉയര്‍ന്ന ധാര്‍മികത വേണമെന്നു മാത്രം.'

'സാംസ്കാരികരംഗത്ത് ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതിങ്ങനെയാണ്?'

'അതില്‍ ഭിന്നവായനകള്‍ സാധ്യമാണ്.ഇപ്പോള്‍ എന്റെ കൂടെ വരൂ.കാളയിറച്ചിയുണ്ടാക്കി ഭാര്യ വീട്ടില്‍ കാത്തിരിക്കുന്നു.വരൂ നമുക്ക് കാളയിറച്ചി കഴിക്കാം.'

'ഞാനൊരു സസ്യഭുക്കാണ്.'

'കുഴപ്പമില്ല.കാളനാകാമെങ്കില്‍ കാളയുമാകാം എന്ന് കേട്ടിട്ടില്ലേ?'

'ഇത് ഓലന്റെ കാര്യത്തിലും ശരിയാകുമോ?'

'പരിഹാസം മിനിക്കഥാകൃത്തുക്കളോടു വേണോ?ഇരകള്‍ സസ്യഭുക്കാകുന്ന സാഹചര്യം മാര്‍ക്സിസം കൊണ്ട് വിശദീകരിക്കാനാവില്ല.'

'സ്വത്വവാദം കൊണ്ട് വിശദീകരിച്ചാല്‍ മതി.'

'സ്വത്വവിശകലനപ്രകാരം സസ്യഭുക്കുകള്‍ സാധാരണയായി ഹൈന്ദവഫാസിസത്തെ പ്രതിനിധാനം ചെയ്യുന്നു. എന്നെ വിടൂ.'

'അതിന് നി സത്യം ചെയ്യണം.'

'എന്ത് സത്യം?'

'ഇനി മിനിക്കഥ എഴുതില്ലെന്ന്.'

'സത്യം.സത്യം.സത്യം.'








6 comments:

Vinayaraj V R said...

:)

ഇ.എ.സജിം തട്ടത്തുമല said...

ബ്ലോഗനയിൽ വായിച്ചു; ആശംസകൾ!

satheesan narakkode said...

do you completely follow class politics? or identity politics?
or the middle class compromise???????

perooran said...

njanum bloganayil vayichu.very good

എന്‍.ബി.സുരേഷ് said...

വാദത്തിനു വേണ്ടിയുള്ള സ്വത്വങ്ങളും സ്വത്വത്തിനുവേണ്ടിയുള്ള വാദങ്ങളുമുണ്ടല്ലോ.
കേരളീയർ ഇതിനിടയിലൂടെ സ്വത്വം ചോർത്തിക്കളയുമെന്നാണല്ലോ ഈ ചർച്ചിക്കുന്നവരുറ്റെ പ്രതീക്ഷ.

മാതൃഭൂമിയിൽ വായിച്ചു.
സറ്റയർ നന്നായി.

Unknown said...

പ്രിയ ബാബുസാര്‍
മാതൃഭൂമിയിലെ ബ്ലോഗാന വായിച്ചു ഒത്തിരി ഇഷ്ടമായിരുന്നു കഴിഞ്ഞദിവസം ഓ കെ കെ പറഞ്ഞപ്പോഴാണ് ബാബുസാറാണെന്നു മനസ്സിലായത് അഭനന്ദനങ്ങള്‍ ഇനിയും ഇങ്ങനയുള്ള വെടിക്കെട്ടുകള്‍ പോരട്ടെ
ഒരു സത്വവാദവും സ്വത്വവാദവും മാങ്ങാത്തൊലി.............
ജോസഫ് ആന്‍റണി

Search This Blog